Friday, June 13, 2008

പറഞ്ഞതില്‍ പാതി (4 )

ആകെ പൂത്തുലഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിനു മുകളിലേക്കു പടവുകള്‍ പോലെ ചില്ലകളുണ്ട്.ഒട്ടും പ്രയാസമില്ലാതെ കയറിപ്പോകാം.ചില ഉച്ചനേരങ്ങളിലെ വായനകള്‍ അവിടെയിരുന്നാണ്.അമ്മ കണ്ടാല്‍ വഴക്കു പറയും.പ്രായപൂര്‍ത്തിയായ പെങ്കുട്ട്യോള് മരം കയറാന്‍ പാടില്ല്യാത്രേ.പീഡനങ്ങള്‍ ഫാഷന്‍ ആയതില്‍പ്പിന്നെ അമ്മ ഇത്തിരി സ്ട്രിക്ട് ആയിട്ടുണ്ട്.തനിയെ എങ്ങോട്ടും വിടില്ല.ഈയിടെ ടിവിയില്‍ കണ്ടു,രണ്ട് വയസ്സായ പെണ്‍ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന ഒരുത്തന്‍,’ഓ ഞാനിതെത്ര കണ്ടതാ’ എന്ന മട്ടില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്നത്.അവള്‍ക്കു പ്രായപൂര്‍ത്തിയായിരുന്നോ.അപ്പോള്‍ പീഡനത്തിനു പ്രായഭേദമൊന്നുമില്ല,പെണ്ണായിരിക്കണം അത്രേയുള്ളൂ.
വായിക്കാമെന്നു കരുതി പുസ്തകം തുറന്നപ്പോള്‍ ഒരു ചന്ദനഗന്ധം.പുസ്തകം മണത്തു നോക്കി .അല്ല.
പിന്നില്‍ ഒരു ചിരി; അതും പരിഹാസത്തിന്റെ ടോണില്‍.
കൃഷ്ണന്‍.വിടര്‍ന്ന ചിരി.
എന്താ പ്രിയേ ഇന്നത്തെ ചിന്താവിഷയം.
പീഡനം,സ്ത്രീ പീഡനം.
ഓ,എന്നാ ഞാന്‍ പോവ്വാ,എനിക്കു താത്പര്യമില്ലാത്ത വിഷയമാണ്.
കള്ളക്കൃഷ്ണാ പോകാന്‍ വരട്ടെ എനിക്കു ചോദിക്കാനുണ്ട്.ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഡനക്കേസിലെ ദൃക്‌സാക്ഷിയായിരുന്നില്ലേ?
അതേത് പീഡനം?കൃഷ്ണന്‍ കണ്ണ് മിഴിച്ചു.
നമ്മുടെ പാഞ്ചാലി വസ്ത്രാക്ഷേപം.
ഓ അതൊ?അതിത്തിരി മാജിക് ആറിയാവുന്നത് വച്ച് അഡ്ജസ്റ്റ് ചെയ്തതല്ലേ?അന്നു രുക്മിണിയുടെ കയ്യില്‍ നിന്നു കിട്ടിയ വഴക്കിനു കണക്കില്ല.
അയ്യോ അപ്പോള്‍ രുക്മിണിയെ പേടിയാ..ഷെയിം ഷെയിം.
എന്റെ പ്രിയേ ഭാര്യയെ പേടിയില്ലാത്ത ഒരു പുരുഷനെ കാണിച്ചു താ.
അത് ശരിയാ.പുരുഷന്മാര്‍ ഒരേസമയം ഒന്‍പത് കാമുകിമാരെ കൊണ്ട് നടക്കും;പക്ഷേ ഒരു ഭാര്യയെ അവനു സഹിക്കാന്‍ വയ്യ. അല്ലേ അങ്ങനെയല്ലേ?
എന്റെ കാര്യം അങ്ങനെയാണോ പ്രിയേ?എനിക്കു പതിനാറായിരെത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നല്ലേ നിങ്ങള്‍ പറഞ്ഞ് നടക്കുന്നത്..
എന്താ നേരല്ലേ?

രണ്ട്മൂന്നുപേരെ അഡ്ജസ്റ്റ് ചെയ്ത പ്രയാസം എനിക്കറിയാം.ജനസംഖ്യ കുതിച്ചുയരുന്ന ഈ കാലത്തും ഒരു പുരുഷന് ഒരു സ്ത്രീ എന്നുപോലുമില്ല.പിന്നെയാ അന്തക്കാലത്ത്..

അതുപോകട്ടെ,പ്രിയ എന്താ വായിച്ചുകൊണ്ടിരുന്നത്..?

ആലാഹയുടെ പെണ്മക്കള്‍..

അത് സാറ ടീച്ചറിന്റെയല്ലേ?വെറുതേയല്ല പ്രിയ എപ്പോഴും എന്നൊടൊരു റിബലിനേപ്പോലെ.. ഞാന്‍ പോവ്വാ.

അടുത്താഴ്ച്ച വരാം.സീ യൂ..

കൃഷ്ണന്‍ പോയിട്ടും ചുറ്റും തങ്ങിനിന്നു ചന്ദനഗന്ധം..

34 comments:

കൃഷ്ണപ്രിയ. said...

ഒന്നൂല്ല..വെറുതേ.. :)

യാരിദ്‌|~|Yarid said...

"ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഡനക്കേസിലെ ദൃക്‌സാക്ഷിയായിരുന്നില്ലേ?
അതേത് പീഡനം?കൃഷ്ണന്‍ കണ്ണ് മിഴിച്ചു.
നമ്മുടെ പാഞ്ചാലി വസ്ത്രാക്ഷേപം."

haha ഈ ഡയലോഗു തകര്‍ത്തു..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതേത് പീഡനം?കൃഷ്ണന്‍ കണ്ണ് മിഴിച്ചു.
നമ്മുടെ പാഞ്ചാലി വസ്ത്രാക്ഷേപം."


നമിച്ചു ട്ടാ :)

യാരിദ്‌|~|Yarid said...

ഒന്നു കൂടി, നല്ല എഴുത്ത്.ഒഴുക്കുള്ളതു.നന്നായിട്ടെഴുതിയിരിക്കുന്നു..:)

Viswaprabha said...

എവിടെയായിരുന്നു ഇത്ര നാളും?
പാതി മാത്രം പറഞ്ഞുവെച്ച്, പതിനാറായിരത്തൊന്‍പതാമത്തെ പ്രാവശ്യവും കൃഷ്ണന്റെ കൂടെ ഒളിച്ചോടിപ്പോയോ എന്നാശങ്കിച്ചു!

ഗുപ്തന്‍ said...

ദൃക്‌സാക്ഷിയൊക്കെ പിന്നെയല്ലേ. ആദ്യം പെണ്ണുങ്ങള്‍ടെ ചേലയടിച്ചുമാറ്റി മരത്തില്‍ കയറി ഇരുന്നകാര്യം ചോയിക്കാന്‍ പാടില്ലാര്‍ന്നാ..

സന്തോഷ് മാധവനൊക്കെ പാവങ്ങള്‍ ഹിഹി

നന്ദു said...

കൃഷ്ണപ്രിയ, വായിച്ചു.
രസിച്ചു എന്നു പറയുന്നില്ല കാരണം,
പറഞ്ഞത് ഹാസ്യമാണ് അതിന്റെ അർത്ഥത്തിൽ നൂറൂ ശതമാനവും ഹാസ്യമായി തന്നെ കാണാം. മറ്റ് മതങ്ങളിലെ ഏതെങ്കിലും ഒരു ഏട് ഹാസ്യാത്മകമായി അവതരിപ്പിച്ചു നോക്കൂ! അന്നേരം അറിയാം അതിന്റെ പ്രതികരണം. ഞാൻ പല കമന്റുകളിലും സൂചിപ്പിച്ചിട്ടൂള്ള കാര്യമാണ്. ആർക്കും എപ്പോഴും എങ്ങനെയും കയറി മേയാനുള്ളതാണ് ഹിന്ദു പുരാണം എന്ന തോന്നൽ മാറണം, വി.ബൈബീളിലേയോ, വി.ഖുറാനിലേയോ ഒരു പാരഗ്രാഫെങ്കിലും ഇതുപോലെ അവതരിപ്പിച്ചു നോക്കൂ. എല്ലാർക്കും വേദനയുണ്ടാവും. ഇവിടെ വേദനിക്കാൻ ആർക്കും സമയം ഇല്ല. കൈ കൊട്ടീ ച്ചിരിക്കാൻ ധാരാളം പേരുണ്ടാവും.
ആശംസകൾ!!

പാമരന്‍ said...

അതേയ്‌, കൊള്ളാട്ടാ..

aneeshans said...

കാലിക പ്രസക്തിയുള്ള വിഷയം, നല്ല പക്വതയൊടെ കൈകാര്യം ചെയ്തിരിക്കുന്നു. എഴുത്തിന്റെ ഒഴുക്ക് മനോഹരമായിരിക്കുന്നു. അതുകൊണ്ട് ഇനി മടിപിടിച്ചിരിക്കാതെ എഴുതുക. പറഞ്ഞതില്‍ പാതിയല്ലേ ആയുള്ളൂ

Pongummoodan said...

അടുത്താഴ്ച്ച വരാം.സീ യൂ..

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം ട്ടോ പ്രിയാ..നന്നായി എഴുതിയിരിക്കുന്നു

ഞാന്‍ ഇരിങ്ങല്‍ said...

ചരിത്രത്തിലെ ആദ്യത്തെ പീഡനക്കേസ് രേഖപ്പെടുത്തിയിരുന്നെങ്കില്‍ അതില്‍ ഒന്നാം പ്രതി കൃഷ്ണന്‍ തന്നെ ആയിരുന്നേനെ..
എത്രയെത്ര ഗോപികമാരെ പീഡിപ്പിച്ചിരിക്കുന്നു. പക്ഷെ അവരൊക്കെ അത് രസിച്ചു എന്ന് എഴുതിവച്ചത് കൊണ്ട് രക്ഷപ്പെട്ടു.

എത്രവട്ടം കുളക്കരയില്‍ നിന്ന് വസ്ത്രങ്ങള്‍ക്കായ് ഗോപികമാര്‍ കേണിരിക്കുന്നു.

കാലിക സംഭവങ്ങളെ തന്‍റെതായ ഭാഷയില്‍ അവതരിപ്പിക്കാന്‍ പ്രീയ കാട്ടുന്ന മിടുക്ക് അതാണ് അഭിനന്ദനീയം.
ഭാഷയിലെ പ്രത്യേകത വായനക്കാരെ പിടിച്ചിരിത്തുന്നു.
തുടര്‍ന്നും ഇതിലും ശക്തമായി തുടരുമല്ലോ.

നന്ദുവേട്ടാ..,
ഏത് ഇനീഷ്യലുള്ള പുരാണത്തിലും നമുക്ക് എടുത്ത് നമ്മുടെ ഭാഷയില്‍ പറയാമെന്നേ.. ആരാ ഇത്ര ഹാലിളകി വരാന്‍ എന്ന് നോക്കാലോ..

ഒരു കാര്യം പറയാം.
ഏറ്റവും കൂടുതല്‍ പീഡനം നടന്ന ഒരു സംസ്കാരത്തില്‍ നിന്നാണ് അത്തരം പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ നബിയും കൃസ്തുവും ഉയര്‍ത്തുവന്നതെന്ന് നമ്മള്‍ മറക്കരുത്.

അതിനേക്കാല്‍ എത്രയോ ഉയരത്തിലാണ് ഹിന്ദു പുരാണങ്ങളിലെ സംസ്കാരം എന്നും നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അതു കൊണ്ട് ഹാസ്യമായി കാണാതെ നമുക്ക് ചരിത്രത്തിലേക്കും കാലത്തിലേക്കും നോക്കി വായിക്കാം എന്ന് എനിക്ക് തോന്നുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Unknown said...

കൃഷ്ണന്‍ അവതരിച്ച ആദ്യ ബ്ലോഗ്.. വ്യത്യസ്ഥമായൊരു ആശയം, ഹൃദ്യമായ ഒരു അവതരണം. മാഷെ കലക്കി.

കുഞ്ഞന്‍ said...

നല്ല രസകരമായ ശൈലി.

പെണ്ണായാല്‍ മാത്രം മതിയെന്നാണൊ പീഡനം ചെയ്യപ്പെടും എന്നു പറയാന്‍..അല്ല, ആണ്‍കുളന്തയായാല്‍പ്പോലും ഞെരമ്പുരോഗിക്കള്‍ക്ക് പീഡിപ്പിക്കല്‍ സുഖകരമാണ്. കൂടുതല്‍ ശാരീരക നഷ്ടം സംഭവിക്കുന്നില്ലെങ്കിലും മാനസീകമായ പീഡനം ബാക്കിയാകുന്നു..!

സജീവ് കടവനാട് said...

പ്രിയ എന്താ വായിച്ചുകൊണ്ടിരുന്നത്..?ആലാഹയുടെ പെണ്മക്കള്‍..അത് സാറ ടീച്ചറിന്റെയല്ലേ?വെറുതേയല്ല പ്രിയ എപ്പോഴും എന്നൊടൊരു റിബലിനേപ്പോലെ..

എഴുത്തുകാരി കൃഷ്ണപക്ഷത്തിരുന്ന് സ്വയം വിമര്‍ശം നടത്തിയതിന്റെ ഉപോത്പന്നമാകാം മേല്‍പ്പറഞ്ഞത്. എങ്കിലും പാതിപറഞ്ഞ് മറഞ്ഞുനില്‍ക്കാതെ മുഴുവന്‍ പറഞ്ഞിട്ടു പോകാര്‍ന്നു. എന്തായാലും എഴുത്തുകാര്‍ വായനക്കാരോട് റിബലാകാതിരുന്നാല്‍ മതി. രണ്ടുവയസുകാരിയെ പീഢിപ്പിക്കുന്ന മാനസികരോഗികള്‍ക്ക് സമൂഹത്തോടൊപ്പം ചേര്‍ന്ന് നിന്ന് ശിക്ഷവാങ്ങിക്കൊടുക്കണം. അല്ലാതെ മൊത്തം പുരുഷകുലത്തിന്റെ പ്രതിനിധിയായി അയാളെ ആഘോഷിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകരുത്. അതാണല്ലോ ഇന്നത്തെ പക്ഷംചേരലിന്റെ ആകെതുക. ‘കൃഷ്ണാ നില്ല് ഞാനുമുണ്ട് നിന്റെ കൂടെ..., ഒരാഴ്ചകഴിഞ്ഞ് തിരിച്ചുവരാം....’ :)

ഒരു തമാശ:

പീഢനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കൃഷ്ണക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചത്:
‘കൃഷ്ണാ നീയത് ചെയ്താല്‍ ലീല
ഞാന്‍ ചെയ്താലോ പീഢനം”

siva // ശിവ said...

ശൈലിയും ചിന്തയും എഴുത്തും നന്നായി...

കൃഷ്ണപ്രിയ. said...

എന്റെ കൃഷ്ണാ,ന്താ ഇവിടെ?പതിനേഴു കമന്റുകളോ..!!!
കൃഷ്ണന്‍ പറഞ്ഞതനുസരിച്ച് നന്ദി അന്ദുവേട്ടനില്‍ തുടങ്ങാം.മറ്റ് മതങ്ങളിലെ ഏതെങ്കിലും ഒരു ഏട് ഹാസ്യാത്മകമായി അവതരിപ്പിച്ചു നോക്കൂ! അന്നേരം അറിയാം അതിന്റെ പ്രതികരണം.
മറ്റ് മതങ്ങള്‍ പോയിട്ട് ഹിന്ദുമതഗ്രന്ഥങ്ങള്‍ പോലും ഞാന്‍ വായിച്ചിട്ടില്ല.പിന്നെയാ!ഇതു താങ്കള്‍ ആരാധിക്കുന്ന കൃഷ്ണനാവില്ല.ഇതെന്റെ മാത്രം കൃഷ്ണനാ :).അപ്പോള്‍ ശരി.
ശ്രീ.ഗുപ്തന്‍ ഞാന്‍ ആ ചോദ്യം മുന്നേ ചോദിച്ചിരുന്നു.ഇതു എഴുതി വച്ചിട്ട് കാലം കുറെയായി.അല്ലെങ്കില്‍ സന്തോഷ് മാധവനെക്കൂടി ഉള്‍പ്പെടുത്താമായിരുന്നു.താങ്കള്‍ വായിച്ചു എന്നറിയുന്നത് സന്തോഷം തന്നെ :)
യാരിദ്(യാരിദ്?)വായനക്കും ആദ്യകമെന്റിനും നന്ദി.
പ്രിയ,തിരികെയും നമിക്കുന്നു.
വിശ്വപ്രഭേ,ഒളിച്ചോടാനൊന്നും ഞാനില്ല.
ശ്രീ.പോങ്ങുമ്മൂടന്‍,കാന്താരിക്കുട്ടി,പാമരന്‍,നൊമാദ്,പുടയൂര്‍,ശിവ വായനക്കു നന്ദി,സ്നേഹം.
ശ്രീ കുഞ്ഞന്‍ പറഞ്ഞത് ശരിതന്നെ.
കിനാവേ ന്താ ദ്?എന്റെ ഫാലത്തില്‍ വരവീണല്ലോ കൃഷ്ണാ.
ശ്രീ .രാജു ഇരിങ്ങല്‍ ഈ പിന്തുണക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു.പിന്നെ എന്റെ എഴുത്ത് അതിനെ അത്ര ഗൌരവമായി കാണേണ്ടതില്ല തന്നെ.വെറുതേ എഴുതുന്നു.അത്ര തന്നെ.ആരുടേയും വായനകള്‍ സന്തോഷകരം തന്നെ.കമെന്റുകള്‍ അതിലേറേ സന്തോഷം തരുന്നു.ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല.

നന്ദു said...

എന്റെ കൃഷ്ണാ എന്നെ “അന്ദൂ” ന്ന് വിളിച്ചാക്ഷേപിച്ച ഈ ഗോപികയോട് നീ തന്നെ പൊറൂക്കണേ!!

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

മുകളിലെ കമന്റ്റ് ഇട്ടു കഴിഞ്ഞിട്ട് പഴയപോസ്റ്റ് ഞാന്‍ നോക്കിയിരുന്നു. എവിടെയോ പറഞ്ഞെന്ന ഓര്‍മവച്ചുതന്നെ. ഈ പേജിലെ പോസ്റ്റൊന്നും വായിക്കാതിരുന്നിട്ടില്ല. കമന്റ് ഇടാറുണ്ടായിരുന്നില്ല എന്നേയുള്ളൂ. ഇഷ്ടമുള്ള കുറിപ്പുകളാണ് :)

സന്തോഷ് മാധവനെക്കുറിച്ച് ചേര്‍ക്കാതിരുന്നത് ഇതില്‍ നന്നായീന്നേ തോന്നുന്നുള്ളൂ..

അടുത്തതവണ കാണുമ്പോള്‍ അതുപറഞ്ഞൊന്നു ചൊടിപ്പിച്ചുനോക്കൂ കണ്ണനെ. ഈയിടെയായിട്ട് ഒന്നിനും മറുപടിപറയാതെ ഓടുകയാണല്ലേ... പാവം.

സജീവ് കടവനാട് said...

ഗുപ്തരേ,എങ്ങനെ പറയും മറുപടി. കണ്ണന്‍ മറുപടിപറഞ്ഞാല്‍ സാറാ‍ജോസഫു തോറ്റുപോകില്ലേ...

സഹയാത്രികന്‍ said...

ഹ ഹ ഹ.. കൊള്ളാം....
:)


വന്നു വന്നു ആരു പീഡിപ്പിച്ചാലും കുറ്റം കൃഷ്ണനു തന്നെ...

മുരളിയേട്ടന്‍ എവിടെയോ ഒരു കമന്റിട്ടത് ഇപ്പൊ ഓര്‍മ്മ വന്നു... വിവാഹിതയല്ലാത്ത തന്റെ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ അമ്മ പറഞ്ഞതിപ്രകാരം...

“ നീ, എന്റെ മോളെ ചതിച്ചൂലോ കൃഷ്ണാ... “
:)

കൃഷ്ണപ്രിയ. said...

നന്ദുവേട്ടാ,മനപൂര്‍വ്വമല്ല കേട്ടോ.
ശ്രീ.ഗുപ്തന്‍,ന്റെ കൃഷ്ണന്‍ വെറും പാവമാ.ഒന്നും അറിയില്ല.
കൊഞ്ഞനം കുത്തുന്നതിനു സ്മൈലിയുണ്ടോ ന്റെ കൃഷ്ണാ,ഈ കിനാവിനെ ഒന്നു കൊഞ്ഞനം കുത്താന്‍..
അത് കൊള്ളാം സഹയാത്രികാ.രസിച്ചു.

ശ്രീ said...

ഹ ഹ. പാവം കൃഷ്ണന്‍!
:)

അനിലൻ said...

വരികളൊക്കെ ഒന്ന് അടുക്കും ചിട്ടയിലുമൊക്കെ വച്ചുകൂടേ?

ആരാ പറഞ്ഞത് കൃഷ്ണന് ചന്ദനഗന്ധമാണെന്ന്?
ഇടയ്ന്മാര്‍ക്കൊക്കെ അവര്‍ വളര്‍ത്തുന്ന മൃഗത്തിന്റെ മണമായിരിക്കില്ലേ?

വെണ്ണ കക്കുമ്പോഴുണ്ടായിരുന്ന കള്ളത്തരം യുദ്ധഭൂമിയിലും പ്രയോഗിച്ചല്ലോ അവതാരപുരുഷന്‍!

പിന്നെ വന്നിരുന്നോ കൃഷ്ണന്‍?

പീതാംബരന്‍ said...

നന്ദുവിന്റെ കമന്റ് കലക്കി.
അത്ര വിഷമമുണ്ടെങ്കില്‍ നന്ദുവിനും ആവാമല്ലോ മറ്റു മതങ്ങളെ തോണ്ടല്‍!
മറ്റു മത ഗ്രന്ഥങ്ങള്‍ ആരാലും വിമര്‍ശിക്കപ്പെടാതെ സുരക്ഷിതമായി ഇരിക്കുന്നു എന്നത് പുതിയൊരു അറിവാണ്!
ദൈവങ്ങളെ വല്ലാതെ ഇങ്ങനെ സംരക്ഷിച്ചു നടക്കണോ സര്‍.

കൃഷ്ണപ്രിയ. said...

ആരാ പറഞ്ഞത് കൃഷ്ണന് ചന്ദനഗന്ധമാണെന്ന്?
അനിലേട്ടാ, കൃഷ്ണന്‍ എന്നെ കാണാന്‍ വരുമ്പോള്‍ മൈസൂര്‍ സാന്‍ഡല്‍ സോപ്പ് തേച്ചുള്ള കുളീയൊക്കെ കഴിഞ്ഞാ വരിക.:)
മുക്കുവന്‍,എന്താ പറയുക?മഥുരയില്‍ പോയിട്ടുണ്ടോ?കൃഷ്ണന്റെ ജന്മസ്ഥലം..ഒരിക്കല്‍ പോയാല്‍ പിന്നീടൊരിക്കലും പോകാന്‍ തോന്നില്ല.പറഞ്ഞു കേട്ട മഥുരയില്‍ നിന്നും എത്ര വ്യത്യസ്ഥമാണെന്നോ?എരുമച്ചാണകത്തിന്റേയും അഴുക്കുചാലുകളുടേയും മടുപ്പിക്കുന്ന ഗന്ധം.സ്വാമിമാര്‍ ടൂറിസ്റ്റുകളെ ഓടിച്ചിട്ട് പിടിക്കും.ഭക്തിയുടെ പേരില്‍ പകല്‍ക്കൊള്ള നടക്കുന്നത് ലൈവ് ആയി കാണാം.കൃഷ്ണന്‍ അവിടെയുണ്ടോ? അറിയില്ല.കൃഷ്ണന്‍ ഞങ്ങളുടെ ദൈവം എന്നു ഊറ്റം കൊള്ളുന്നവര്‍ ഒന്നു പോകേണ്ടതു തന്നെ!
ശ്രീക്ക് ഒരു നന്ദി പറയാന്‍ മറന്നു.വായനക്കും കമെന്റിനും നന്ദി.

മുസാഫിര്‍ said...

നന്ദനം സിനിമ പോലെ ഒരു ഫാന്റസിയായി ഇതും എടുത്താല്‍ പോരെ ? മതത്തിനു ഇവിടെ പ്രസക്തിയുണ്ടോ ?മഥുരയെപ്പറ്റി കൃഷ്ണപ്രിയ പറഞ്ഞത് ശരിയാണ്.വിശേഷണങ്ങളൊക്കെ ഏത് ഉത്തരേന്ത്യന്‍ ഗ്രാമത്തിനും ചേരും.

കൃഷ്ണപ്രിയ. said...

മുസാഫിര്‍ ഹൊ യാരോ....
താങ്ക്സ് ണ്ട് ട്ടോ :)

നവരുചിയന്‍ said...

അയ്യോ ഇതു എപ്പോ എഴുതി ഇപ്പോളാണ് കണ്ടത് ...കൃഷ്ണന്‍ മൈസൂര്‍ സാന്‍ഡല്‍ സോപ്പ് ഇട്ടാണ് കുളിക്കുനത് അല്ലെ ..ചുമ്മാതെ അല്ല ചന്ദന മരങ്ങള്‍ ആരും കാണാതെ മറഞ്ഞു പോകുന്നത് .... ആദ്യത്തെ പീഡനം കണ്ട വകുപിലും ... അത് മറച്ചു വേകാന്‍ നോക്കി എന്ന വകുപിലും കേരള പോലീസ് പിടിക്കാന്‍ ചാന്‍സ് ഉണ്ട് ....നോകി നടക്കാന്‍ പറയണെ ...ഇനി കാണുമ്പൊള്‍

ഒരു സ്നേഹിതന്‍ said...

"ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഡനക്കേസിലെ ദൃക്‌സാക്ഷിയായിരുന്നില്ലേ?
അതേത് പീഡനം?കൃഷ്ണന്‍ കണ്ണ് മിഴിച്ചു.

നമ്മുടെ പാഞ്ചാലി വസ്ത്രാക്ഷേപം."

കൃഷ്ണപ്രിയയുടെ സ്വന്തം കൃഷ്ണന്റെ കഥ കൊള്ളാം..

Mahesh Cheruthana/മഹി said...

കൃഷ്ണപ്രിയ,
നമ്മുടെ കൃഷ്ണനെ പരീഷിക്കല്ലെ.
എവിടേയാണു മാഷെ പുതിയപോസ്റ്റൊന്നും കാണുന്നില്ല!

SUJITH KAYYUR said...

Krishnanum krishnapriyayum,chandana gandamulla vaakkukalum...